Tuesday, January 27, 2009

ഉഷാകുമാരി ജി




അള്‍സിര@.........strong>


എം.ആര്‍.രേണുകുമാറിന്റെ രചനയില്‍ സൂക്ഷ്മമായ നോട്ടങ്ങളാണ്‌ കാണാന്‍ കഴിയുക..കൌതുകങ്ങളും അത്ഭുതങ്ങളുമില്ലാതെ അനുഭവങ്ങളിലേക്കും ചരിത്രത്തിലേക്കും ചുഴിഞ്ഞിറങ്ങുന്ന നിരീക്ഷണങ്ങളായി ഇവിടെ കവിതകള്‍ മാറുന്നു..കവിത കഥയാവുന്ന കാഴ്ച്ച പല ദളിത്‌ ആഖ്യാനങ്ങളിലുമെന്ന പോലെ അള്‍സിര@ ലും കാണാം. എന്നാലുമത്‌ പതിവു ദീനക്കാഴ്ച്ചയല്ല. ഓലക്കുടിലിലും പാറമടയിലും ഒതുങ്ങി ഉറച്ചുപോയ ദളിതന്റെ കഥയല്ലിത്‌.അയാള്‍ മാറുന്നു ചലിക്കുന്നു. ‘ഉള്ളി പൊളിക്കുമ്പോ,മൊളകുഞെട്ടുകളയുന്ന,കൊയ്തുവെക്കുമ്പോ, കറ്റകെട്ടിയിടുന്ന ഒരുത്തി‘യെ അമ്മയും ‘ഉണര്‍ന്നു വരുമ്പോ ഉമിക്കരി നുള്ളുന്ന പുറത്തേക്കിറങ്ങുമ്പോ കച്ചത്തോര്‍ത്ത് നീട്ടുന്ന ഒരുത്തി‘യെ അപ്പനും ആശിച്ചെങ്കിലും തൊലിവെളുത്ത, ചുണ്ടുചുവന്ന ,സ്വര്‍ണ്ണമുടിയുള്ള ഒരു ബ്രിട്ട്നി സ്പിയേഴ്സിനെയാണയാള്‍ തെരഞ്ഞത്. അള്‍സിറയെന്ന അയര്‍ലന്റുകാരി -നെറ്റിലൂടെ ചാറ്റിലൂടെ പുതിയ, മാറിയ ,സ്ഥലകാലത്തിലൂടെ അവളിലെത്തി. ചിര പുരാതന പ്രതിഷ്ഠമായ പ്രതിസന്ധികളുടെ നീറ്റമില്ലാതെ അയാള്‍ അവളി‍ലേക്കു ഊളിയിട്ടു. മേഘങ്ങളില്‍‌ ഉരുമ്മി പറക്കുമ്പോള്‍ വിയര്‍പ്പുണങ്ങുന്ന പിന്‍കഴുത്തില്‍ തിരുകിയിരുന്ന മുഖമെടുത്ത്‌ വെറുതെ താഴേക്കു നോക്കി. അപ്പനുമമ്മയും ഓടിവരുന്നുണ്ടോ?

വിവരസാങ്കേതിക വിദ്യയും തിരുമ്മല്‍ ചികിത്സയും മറ്റുമുള്ള ആഗോളവല്‍കൃതകാലം ആ ഉപ്പിലും മുളകിലും നിന്നയാളെ അവളിലെത്തിച്ചു. മാറ്റമില്ലാതെ തുടരുന്ന ഉറച്ചുപോയ ദളിത് സ്വത്വാഖ്യാനത്തിന്റെ ചേരുവകളെ മാറ്റിമറിക്കുന്നുണ്ട്‌ ഈ രചന. കാല്‍പ്പനികമായ ഓര്‍മ്മകളേക്കാള്‍ മൂര്‍ത്തമായ അനുഭവങ്ങള്‍ക്ക്‌ മുന്‍തൂക്കമുണ്ട് ഇവിടെ.മരവിച്ചുപോയ സ്ഥാവരമായ സ്വത്വത്തില്‍നിന്നും കര്‍തൃത്വത്തിലേക്കുള്ള യാത്രകൂടിയാണ്‌ അത്‌.ജീവിതവും എഴുത്തും തമ്മിലുള്ള നേര്‍ബന്ധത്തെ പുനര്‍നിര്‍ണ്ണയിക്കുകകൂടിചെയ്യുന്നുണ്ട് ഇത്തരം രചനകള്‍.

No comments: