Saturday, December 15, 2007

രാജു ഇരിങ്ങല്‍



ടി.പി അനില്‍കുമറിന്‍റെ കവിതകള്‍ ഒരു സിനിമ കാണും പോലെ ചിത്രങ്ങളാല്‍ അലംകൃതമാണ്. അതു പോലെ ചലനാത്മകതയുമുണ്ട്. വായനക്കാരന്‍ റെ കണ്ണിലേക്കും മനസ്സിലേക്കും ഒരോ ചിത്രങ്ങളിലൂടെ കവിതയുടെ വ്യാകരണം നിര്‍വ്വഹിക്കുകയാണ് പുതിയ കാലത്തിന്‍ റെ കവി ശ്രീ. ടി. പി. അനില്‍ കുമാര്‍.വായനക്കാരന് കവിതയുടെ ഓരോ ഷോട്ടും വ്യക്തമായ കഥ പറയുന്നൊരു കാവ്യാനുഭവമായി മാറുന്നു. വായനയെ തിരിച്ചറിയലിന്‍റെ ലോകത്തേക്ക് കൂട്ടിക്കൊണ്ടു പോവുകയും ചെയ്യുന്ന ഒരു സുഖം മറ്റു കവിതകളിലെന്ന പോലെ ‘മരം കൊത്തി’ എന്ന കവിതയും നമുക്ക് കാ‍ണാം.ഉണങ്ങിയതും കേടുവന്നതുമായ മരങ്ങളില്‍ പൊത്തുകളുണ്ടാക്കി കൂടൊരുക്കുന്ന ഒരു പക്ഷിയാണ് മരംങ്കൊത്തി. ചെറുപ്രാണികളാണ് മരംകൊത്തികളുടെ പ്രധാന ആഹാരം. ഉഷ്ണകാലങ്ങളില്‍ മരങ്ങളുടെ പുറംകവചങ്ങളിലുള്ള ചെറുജീവികളെ ഭക്ഷണമാക്കുന്നു. ശൈത്യകാലത്ത് മരങ്ങളില്‍ കൂടുതല്‍ ആഴത്തില്‍ പൊത്തുകളുണ്ടാക്കിയാണ് ഇരപിടുത്തം. മരങ്ങളുടെ ഏറ്റവും ഉയരംകൂടിയ ഭാഗങ്ങളിലുള്ള വ്യാസം കുറഞ്ഞ ശിഖരങ്ങളിലാണ് സാധാരണയായി ആണ്‍‌കിളികള്‍ ഇരതേടുന്നത്. പെണ്‍‌കിളികളാകട്ടെ മധ്യഭാഗങ്ങളിലും താഴെയുമുള്ള വ്യാസം‌കൂടിയ ഭാഗങ്ങളിലും. മറ്റുപക്ഷികളെ തുരത്തിയോടിക്കാനാണ് ആണ്‍‌കിളികള്‍ ഉയര്‍ന്ന ശിഖരങ്ങളില്‍ ഇരതേടുന്നതെന്നു കരുതപ്പെടുന്നു. ഇത്രയും പറഞ്ഞത് മരം കൊത്തിയുടെ ജീവിത പശ്ചാത്തലം വ്യക്തമാക്കുക എന്ന ഉദ്ദേശ്യത്തോടെയാണ്.അനില്‍ കൈകാര്യം ചെയ്യുന്നതും ഇതു തന്നെ. ഉണങ്ങിയ മരങ്ങളില്‍ കവിത രചിക്കുന്ന മൂത്താശ്ശാരി. അതില്‍ നിന്ന് വിശപ്പടക്കുന്ന കുടുംബം. എല്ലാം പറയുമ്പോഴും ആട്ടിയോടിക്കപ്പെടുന്ന പക്ഷിയുടെ മാനസീകവസ്ഥയാണ് ഇവിടെ കാണുവാന്‍ സാധിക്കുന്നത്. മനുഷ്യന്‍റെ ചോതനകളെ ആഗ്രഹങ്ങളെ എത്ര മത്രം ഉദ്ധീകരിക്കുന്നതാണ് വികാരങ്ങളും വികാരമില്ലായ്മയുമെന്ന് കവി നമുക്ക് കാട്ടിത്തരുന്നു.അടിച്ചമര്‍ത്തപ്പെടുന്ന സ്ത്രീ പക്ഷ നിലപാടുകള്‍ക്ക് നേരെ പിടിച്ച ഒരു കണ്ണാടിയാണ് മരം കൊത്തി എന്ന കവിത.‘നിന്‍റെ ആശാരി ഏതാ‘ എന്ന് ചിലപ്പോള്‍ കളിയായും മറ്റു ചിലപ്പോള്‍ തെറിയായും പലയിടങ്ങളിലും ഉപയോഗിക്കുന്ന ഒരു വാക്കാണ്. അങ്ങിനെ മൂത്താശാരിയെന്ന് ബിംബം നല്‍കികൊണ്ട് വായനയുടെ തുടക്കത്തില്‍ ഒരു നല്ല ‘പണി’ക്കാരനെ വായനക്കാരിലേക്ക് ഏല്പിക്കുന്നു.ചിന്തകളൊക്കെയും അടിച്ചമര്‍ത്തപ്പെട്ട വികാര പര്‍വ്വങ്ങളിലേക്ക് ഒരു സ്ത്രീ പക്ഷ സന്നിവേശത്തിലൂടെ സഹാനുഭൂതിയായ് തനിക്കെന്ത് ചെയ്യാന്‍ കഴിയുമെന്ന ചിന്തയിലേക്ക് ചിന്തേരിടുകയാണ് കവി ചെയ്യുന്നത്.പല കവിതകളിലുമെന്ന പോലെ ‘മരം കൊത്തി’ എന്ന കവിത വായനക്കാരനോട് സംവദിക്കാന്‍ ശ്രമിക്കുന്നത് അതിന്റെ കെട്ടൊരുക്കങ്ങളിലൂടെയാണ്.ഒരു നല്ലപണിക്കാരനെ കാണുമ്പോള്‍ ശില്പത്തിനുണ്ടാവുന്ന അനുഭൂതി, നല്ല മഴ വരുമ്പോള്‍ ഭൂമിക്കുണ്ടാകുന്ന അനുഭുതി, അത് കവിതയിലെ ശില്പവും അനുഭവിക്കുന്നു. വാത്സ്യായനനും, ഓഷോയും ഫ്രോയ്ഡും പറയുന്നത് പുരുഷന്‍റെ കരസ്പര്‍ശത്തില്‍ വികാരവിവശയാവാത്ത ഒരു സ്ത്രീയും കാണില്ലെന്നാണ്. അതൊരു നല്ല് ‘പണി’ക്കാരനാവുമ്പോള്‍ പ്രത്യേകിച്ചും.“ഉണക്കമരങ്ങള്‍പോലുംഎണ്ണ കിനിഞ്ഞ് മലര്‍ന്നു കിടക്കും”എന്ന് അനില്‍ എഴുതുമ്പോള്‍ പണിക്കാരന്‍റെ വൈഭവം മലര്‍ന്നു കിടക്കുന്ന ഒരു പെണ്ണീനെ പോലെ വായനക്കാരന്‍റെ മുന്നില്‍ ചിത്രപ്പെടുത്തുന്നു. ഒപ്പം മലര്‍ന്നു കിടക്കുന്ന പെണ്ണ് നമുക്ക് അശ്ലീലമല്ല തരുന്നത് മറിച്ച് സൌന്ദര്യമാണെന്ന് അനില്‍ പറയാതെ പറയുന്നു.ഒരു സ്പര്‍ശം, ഒരു തലോടല്‍ അതു മതി അവളെ അല്ലെങ്കില്‍ ശിലയെ ഉന്മത്തമാക്കാന്‍ എന്ന് അനില്‍ അനുഭവിപ്പിക്കുന്നത് വായനക്കാരനെ തന്നെയാണ്. അവിടെ ഒരു തലോടലിനു പോലുമാകാന്‍ കഴിയാതെ ഉണങ്ങിപ്പോകുന്ന മരങ്ങളിലേക്ക് മരംകൊത്തിയുടെ കൊക്കിന്‍റെ സുഖമറിയുവാന്‍ പോലും വിധി അനുവദിക്കുന്നില്ല.മരപ്രതിമകളെകുറിച്ച് പറയുമ്പോഴും വാതിലില്‍ കൊത്തിയ മുന്തിരിക്കുലകളെ കുറിച്ചും അതിന്‍റെ മധുരത്തെക്കുറിച്ചും കവി ഓര്‍മ്മപ്പെടുത്തുന്നു. ഇവിടെ ഓര്‍മ്മ വരുന്നത് ‘ശലമോന്‍ രാജാവിന്‍റെ അരമന്പ്പണിയാണ്. മോടി കൂട്ടുന്നതിനായ് ശലോമോന്‍ രാജാവു സോരില്‍നിന്നു ഹീരാം എന്നൊരുവനെ വരുത്തി കൊത്തു പണികള്‍ ചെയ്യിക്കുന്നു. അവന്‍ നഫ്താലിഗോത്രത്തില്‍ ഒരു വിധവയുടെ മകന്‍ ആയിരുന്നു; അവന്റെ അപ്പന്‍ സോര്‍യ്യനായ ഒരു മൂശാരിയത്രേ: അവന്‍ താമ്രംകൊണ്ടു സകലവിധ പണിയും ചെയ്യാന്‍ തക്കവണ്ണം ജ്ഞാനവും ബുദ്ധിയും സാമര്‍ത്ഥ്യവും ഉള്ളവനായിരുന്നു.ഭൌതീക ജീവിതത്തില്‍ പുറം മോടികള്‍ക്കുള്ള പ്രത്യേകതയും സുഖവും ആകര്‍ഷണ വ്യതിയാനങ്ങളും ഈ പ്രയോഗത്തിലൂടെ നമുക്ക് കാണാന്‍ സാധിക്കുന്നു. മുന്തിരിക്കുലകള്‍ മാത്രമാണ് എല്ലാവരും ഇഷ്ടപ്പെടുന്നത്. എന്നാല്‍ മുന്തിരിക്കുലകളാല്ലാത്ത എത്രയോ നല്ല പഴങ്ങളുണ്ടായിട്ടും നമുക്ക് മുന്തിരി വീഞ്ഞു തന്നെ മതി. ബാക്കിയാ‍വുന്ന പഴങ്ങളൊക്കെയും ചീഞ്ഞു പോവുന്നുവെന്ന് കവി നമ്മെ ഓര്‍മ്മപ്പെടുത്തുന്നു.ജീവിതത്തില്‍ ഒറ്റയായി പോകുന്ന തരുണികളെ ; അത് സമൂഹത്തിന്‍റെ പൊതു സൌന്ദര്യ വീക്ഷണത്തിന്‍റെ വൈകല്യമാകാം അതുമല്ലെങ്കില്‍ പട്ടിണിയെന്നൊ അവശതയെന്നോ വിളിക്കാവുന്ന അതിഭൌതീകവാദമാകാം അവരെയൊക്കെയും കവി വളരെ സാകൂതം നോക്കി ചിത്രപ്പണികള്‍ കൊത്തിവരയാനും മിനുസമുള്ളവയാക്കുവാനും ഒരു ആശാരി ആയാലെന്താ എന്ന് സ്വപ്നം കാണുകയും സ്വപ്നം അവസാനിക്കും മുമ്പ് കവിയിലെ മനുഷ്യന്‍ ഉണരുന്നതായും നമുക്ക് കാണുവാന്‍ സാധിക്കുന്നു.ഒന്നും സാധ്യമാകില്ലെന്ന് മനസ്സു പറയുമ്പോഴും അണ്ണാരക്കണ്ണനും തന്നാലായത് എന്ന നിഷ്കപടമായ തോന്നലുകളാണ് കവിയെ നയിക്കുന്നത്. അതു കൊണ്ട് തന്നെയാണ് ശക്ത്മായ സ്ത്രീ പക്ഷ നിലപാടുകള്‍ എടുത്തണിയുന്ന കവിതയാണ് അനിലിന്‍റെ ‘മരം കൊത്തി’ എന്ന കവിത.വിശപ്പാണ് എവിടേയും പ്രശ്നം. ഈ വിശപ്പിന്‍റെ ശാസ്ത്രപ്രകാരം തന്‍റെ പെണ്മക്കള്‍ എങ്ങിനെയെങ്കിലും ജീവിച്ചുകൊള്ളുമെന്ന ഒരു ചിന്തയായിരിക്കണം രാഘവനെ ഒറ്റയ്ക്ക് തൂങ്ങി മരിക്കാന്‍ പ്രേരിപ്പിക്കുന്നത്. ഒപ്പം ഒന്നുമില്ലെങ്കിലും അവരെയൊക്കെ പോറ്റി വളര്‍ത്തേണ്ടത് സമൂഹത്തിന്‍റെ കടമയാണെന്നും നമ്മെ ഓര്‍മ്മപ്പെടുത്തുന്നു.വിശപ്പിന്‍റെ വേവലാതികളില്‍, പനിച്ചൂടില്‍ വിങ്ങുന്ന മകള്‍ക്ക് മധുരമുള്ള മരുന്ന് വാങ്ങാനാണ് അച്ഛന്‍ പോകുന്നത്. സാധാരണ എല്ലാ മരുന്നുകളും കയ്പെന്നാണ് പറയാറ്. കാരണം കയ്പ്പ് കുടിച്ച മധുരമുണ്ടാക്കുന്ന വിദ്യയാണ് നാമൊക്കെയും അഭ്യസിച്ചുപോരുന്നത്.ഉണങ്ങിയ മരത്തെ ശില്പമാക്കുമ്പോഴുണ്ടാകുന്ന സൌന്ദര്യത്തിന്‍റെ മാറ്റ് എത്ര തന്നെ കുറച്ചാലും ഉയര്‍ന്നു തന്നെ നില്‍ക്കും. അതു കൊണ്ടു തന്നെയാണ് മൂത്താശാരി മധുരമുള്ള മരുന്ന് വാങ്ങാന്‍ പോകുന്നത്.“മോന്തിയോളം മേടിയിട്ടെന്തിനാമരങ്കൊത്തീ...“പൊള്ള മരത്തില്‍ തന്‍റെ കൊക്കിട്ടുരുട്ടിയാല്‍ തടയുന്നത് ഒരു വയര്‍ നിറയ്ക്കാന്‍‍ പറ്റുമോ എന്ന ചോദ്യം വിശപ്പിന്‍റേതാണെങ്കില്‍ അവിടെ ആഗ്രഹഭംഗത്തിന്‍റെ തേനീച്ച കുത്തിനെ ഓര്‍മ്മപ്പെടുത്തുന്നു കവി.ഭൌതീക ജീവിതത്തിന്‍റെ നിറപ്പകിട്ടിനെ ഏറെ ഇഷ്ടപ്പെടുന്ന ഇന്നത്തെ തലമുറയെ ഓര്‍മ്മപ്പെടുത്തുകയാണ്“തിടമ്പേറ്റി നില്‍ക്കുമാനയുടെ ചന്തം കണ്ടു നിന്നു മൂത്താശാരി“എന്ന വരികളിലൂടെ. ഇക്കണ്ടതൊന്നും കളിയല്ല മന്നവാ.. എന്ന് പണ്ട് കവി പാടിയതു പോലെ വരാനിരിക്കുന്നതാണ് ഏറ്റവും നല്ലതെന്ന് അതിഭൌതീക വാദത്തിന് നേരെ പിടിച്ച കണ്ണാടിയായി നമുക്ക് മരംകൊത്തി യെന്ന കവിതയെ കാണാവുന്നതാണ്.കവിതയിലെ ചില വാക്കുകള്‍ വരികള്‍ വായനക്കാരന് സംശയങ്ങളുണ്ടാക്കുന്നുവെന്നത് നേരു തന്നെ. അതു പോലെ ഘടനാപരതയിലും കവി ഒന്ന് മനസ്സു വച്ചിരുന്നെങ്കില്‍ എന്നു ചിലപ്പോള്‍ കാവ്യാസ്വാദകര്‍ക്ക് തോന്നിയേക്കാം.എല്ലാവര്‍ക്കും അവരുടെതായ രീതികളായതു കൊണ്ടു തന്നെ ഒന്നിനും കടും പിടുത്തം പാടില്ലല്ലൊ.കവിതയിലെ പുതു തലമുറയില്‍ തിളക്കമുള്ള കവിതകളുമായി ഇനിയും പ്രതീക്ഷിക്കുന്നു.

3 comments:

ഹരിയണ്ണന്‍@Hariyannan said...

ആസ്വാദനവും പ്രോത്സാഹനവും കാത്ത് ഞാനും..
അറിയപ്പെടാത്ത മുഖവും
അറിമുഖപ്പെടാത്തവരികളുമായി
ഇതേ ലോകത്തിന്റെ മറ്റൊരു
മൂലയിലിരുന്ന്
കവിതകടയുന്നു..
വല്ലപ്പോഴും അവിടേക്കും വരിക കൂട്ടുകാരേ...

Deepu George V said...

I feel great after reading your blog that, I reached a place where treasure can be digged in.

I need to visit again and again your blog to read more for sure.

Thanks for leaving comments on my blog. Please visit again.

--Deepu George V

പകല്‍കിനാവന്‍ | daYdreaMer said...

ഇതുവഴി ഞാന്‍ മരംകൊത്തി വായിച്ചു... നന്ദി സുഹൃത്തേ...